Monday, May 14, 2007

കൊച്ചാപ്പേട്ടന്റെ വഴി

എന്റെ ചെറുപ്പകാലത്ത് ‘മാര്‍ക്കറ്റിങ്’ , ‘മാര്‍ക്കറ്റ് സെഗ്മെണ്ടേഷന്‍’ തുടങ്ങീ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പുളിഞ്ചേരിപ്പടി നിവാസികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. മാര്‍ക്കറ്റിങ് എന്നത് കുണ്ടുവക്കടവ് റോഡിലെ പുളിജോസിന്റെ പച്ചക്കറികടയുടെ മുന്‍പില്‍ പെട്ടിവണ്ടിയില്‍ കൊള്ളിക്കച്ചോടം നടത്തുന്ന കൊള്ളിവര്‍ക്കി, വെള്ളം കയറിയ ട്രാന്‍സ്പൊര്‍ട്ട് വണ്ടിയുടെ ഹോണടിക്കുന്ന പോലെ ‘ഉര്‍പ്പ്യക്ക് പത്ത് ഉര്‍പ്യക്ക് പത്ത് ‘ എന്നു വിളിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കാനുള്ള മുസലി പവര്‍ പുളിഞ്ചേരിപ്പടിക്കാര്‍ക്കുണ്ടായിരുന്നില്ല.

എങ്കിലും കൊച്ചാപ്പേട്ടന് പുളിഞ്ചേരി അമ്മയുടെ കൃപാകടാക്ഷം കൊണ്ടാകാം അത് കൊട്ടക്കണക്കിനു കിട്ടിയിട്ടുമുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ നൂതനമായ വിഷയങ്ങളില്‍ കൊച്ചാപ്പേട്ടന്‍ പലപ്പോഴും പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്.

കൊച്ചാപ്പേട്ടന്‍ പുളിഞ്ചേരിപ്പടിക്കാര്‍ക്ക് ഒരു ആള്‍ ഇന്‍ വണ്‍ സൊല്യൂഷന്‍ പ്രൊവൈഡറായതിനാല്‍ കുടുംബസ്ത്രീകള്‍ക്കെല്ലാം ഇഷ്ട കഥാപാത്രമായിരുന്നു. അഞ്ചടി അഞ്ചിഞ്ച് പൊക്കവും അതിനൊത്ത കുടവയറും കയ്യില്ലാത്ത ബനിയനും നട്ടുച്ചക്കുള്ള നിഴലിന്റെ അഴകുമായാല്‍ കൊച്ചാപ്പേട്ടനായി. കൊച്ചാപ്പേട്ടന്‍ ചെയ്യാത്ത പണികളില്ല. പറമ്പ് പണിയും ഓലമെടയലും തൊട്ട് പുളിജോസിന്റെ കടയിലെ പച്ചക്കറി ഇറക്കുന്ന ചാക്കര്‍ക്കിയുടെ പണിവരെ കൊച്ചാപ്പേട്ടന്‍ ചെയ്യും. എങ്കിലും കുലത്തൊഴിലെന്നു പറയാനായുള്ളത് പൂര്‍വ്വികരായി പകര്‍ന്നു കിട്ടിയിട്ടുള്ള അറവു തന്നെ.കൊച്ചാപ്പേട്ടന്റെ അനിയന്‍ തങ്കച്ചനാണ് പ്രധാന അറവുകാരന്‍.
കൊച്ചാപ്പേട്ടന്‍ വിശേഷ അവസരങ്ങളില്‍ മാത്രമേ അറവുള്ളൂ. അതും പന്നിയെ മാത്രം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ശങ്കരാന്തിക്കുമെല്ലാം നല്ല ചെലവുള്ള പന്നിയെ അറുക്കുന്നതില്‍ കൊച്ചാപ്പേട്ടന്‍ കഴിഞ്ഞെ വേറെ ആരുമുള്ളൂ. സര്‍വ്വോപരി ഒരു ക്രോണിക് ബാച്ചിയായ കൊച്ചാപ്പേട്ടനെ രഹസ്യമായെങ്കിലും കുടുംബസ്ത്രീകള്‍ , പോര്‍ക്കുകൊച്ചാപ്പേട്ടന്‍ എന്ന് വിളിച്ചും തുടങ്ങിയിരുന്നു.

ആയിടെയാണ് ഗ്രാലന്‍ കുരിയാക്കു ബ്രോയിലര്‍ കോഴി കച്ചവടം തുടങ്ങുന്നത്. ഉത്സവ സീസണുകളില്‍ വിലകുറച്ച് കുരിയാക്കു പുളിഞ്ചേരിപ്പടിക്കാരെ മുഴുവന്‍ കോഴിത്തീറ്റക്കാരാക്കി മാറ്റി.പള്ളിപ്പെരുന്നാളിനും ഈസ്റ്ററിനുമെല്ലാം കോഴിക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ കൊച്ചാപ്പേട്ടന്‍ മാര്‍ക്കറ്റിലിരുന്ന് തുണ്ടം തുണ്ടമാക്കിയ പന്നിയെ നോക്കി ഈച്ചയെ ആട്ടിയിരിക്കുന്ന അവസ്ഥയിലേക്ക് ക്രമേണ മാറിക്കൊണ്ടിരുന്നു. കുരിയാക്കൂവിനെ നാലു പൂശ്യാലോ എന്ന വെളിപാട് മനസ്സില്‍ വരാഞ്ഞിട്ടല്ല, അവന്‍ പോയാലും വേറൊരാള്‍ അവന്റെ സ്ഥാനത്ത് വരുമെന്ന സിമ്പിള്‍ മാര്‍ക്കറ്റിങ് സ്റ്റ്രാറ്റജിക്കുമുമ്പില്‍ കൊച്ചാപ്പേട്ടന്‍ മറ്റൊരു സൊല്യൂഷനുവേണ്ടി ആലോചനാകുചേലനായി.

അന്നൊരു ദുഖവെള്ളിയാഴ്ചയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ ഈസ്റ്റര്‍. പള്ളികളിലെല്ലാം കുരിശിന്റെ വഴിയും അനുതാപ പ്രാര്‍ത്ഥനകളും അരങ്ങേറുന്ന ദിവസം. ഉച്ചകഴിഞ്ഞ് നാലുമണിയോടെ ഇടവകപ്പള്ളിയില്‍ കുരിശിന്റെ വഴി ആരംഭിക്കും. പള്ളിയുടെ മുന്‍ വശത്തുള്ള ഗ്രൌണ്ടിലാണ് അത് നടത്തുക. ഓരോ ഭാഗത്തും ഏഴുവീതം ഗ്രൌണ്ടില്‍ പതിനാലു കുരിശുകള്‍ സ്ഥാപിച്ച് ഭക്തജനങ്ങള്‍ കുരിശിന്റെ വഴി നടത്തും. ഏഴാമത്തെ കുരിശിനടുത്തു തന്നെയാണ് റോഡ് സൈഡിലെ കൊടിമരം. കുരിശിന്റെ വഴി ഏഴാംസ്ഥലത്ത് എത്തിയാല്‍ കൊടിമരത്തിനടുത്ത് വെച്ച് അച്ചന്‍ വേദപുസ്തകം വായിച്ച് ഒരു പ്രസംഗം നടത്തും.

അന്നും പതിവുപോലെ കുരിശിന്റെ വഴിയിലെ പകുതിയില്‍ അച്ചന്‍‍ വേദപുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. യൂദാസ് ഒറ്റിക്കൊടുക്കുന്ന ഭാഗം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വായിച്ചുകൊണ്ടിരിക്കുന്ന സമയം.

ഗ്രൌണ്ടെല്ലാം നിശബ്ദമായ സമയത്താണ് ഒരു അലര്‍ച്ച കേട്ടത്..
എല്ലാ കണ്ണുകളും കാതുകളും അലര്‍ച്ച കേട്ട ഭാഗത്തേക്ക്..
ഭൂലോകം ഇടിഞ്ഞുവീണാലും കൊന്തയിലെ പിടി തെറ്റാത്ത കുഞ്ഞുമറിയച്ചേടത്തിയും തെല്ല് അസ്വസ്ഥയായി എഴുന്നേറ്റു നിന്നു ഒരു വിഹഗവീക്ഷണം നടത്തി.

ഒരു ഉന്തുവണ്ടിയില്‍ കൊവേന്തയിലെ മൂപ്പെത്താത്ത ഒരു ശീമപ്പന്നിയെയും കിടത്തി കൊച്ചാപ്പേട്ടനും തങ്കച്ചനും മന്ദം മന്ദം നടന്നടുക്കുന്നു. ദുഖവെള്ളിയുടെ മനസ്താപം മുഴുവന്‍ ചന്ദ്രന്റെ ചാരായഷാപ്പില്‍ സന്നിവേശിപ്പിച്ചതിന്റെ പ്രസാദഭാവം കൊച്ചാപ്പേട്ടനില്‍ ത്രസിച്ചു നില്‍ക്കുന്നു. ഉന്തുവണ്ടി വലിക്കുന്ന തങ്കച്ചനു കുരിശില്‍ കിടക്കുന്ന കര്‍ത്താവിന്റെ അതേ രൂപം.
ഈ നഗരികാണിക്കലില്‍ എനിക്കൊരു പങ്കുമില്ലെന്ന ഭാവം.

രണ്ട് ശീമപ്പന്നികളെ ഒന്നിച്ച് വലിക്കേണ്ട ഗതികേടു വന്നല്ലോ കര്‍ത്താവേ എന്ന് മനസ്സില്‍ പറയുന്നതുകൊണ്ടായിരിക്കണം തങ്കച്ചന്‍ ഭീമന്‍ രഘവിനെ പോലെ പല്ലിറുമ്മിക്കൊണ്ടായിരുന്നു ഉന്തുവണ്ടി വലിച്ചുകൊണ്ടിരുന്നത്.
കപ്പടാ മീശയും വെച്ച് ഉന്തുവണ്ടി തന്നെ എവിടേക്കെങ്കിലും കൊണ്ടുപോകട്ടെയെന്ന നിസംഗതയോടെ കൊച്ചാപ്പേട്ടന്‍ പിന്നില്‍..

പന്നി ഇടക്കിടെ ചെറുതായി മുരളുന്നുണ്ട്.

‘കൊച്ചാപ്പേട്ടാ, കുരിശിന്റെ വഴി നടക്കാണ്. ശബ്ദമുണ്ടാക്കാണ്ട് പോകണം ട്ടാ..’
ഭക്തിപുരസ്സരം, റോഡിലൂടെ പോകുന്ന കാറിന്റെയും ബസ്സിന്റെയും കണക്കെടുത്തുകൊണ്ട് കുരിശിന്റെ വഴിയില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന കൊമ്പന്‍ ജോയി കൊച്ചാപ്പേട്ടനോട് പറഞ്ഞു.
‘ഫര്‍.. ര്‍.. ‘ കൊച്ചാപ്പേട്ടന്‍ ഒന്നു ചീറി പിന്നെ ‘മിണ്ടാണ്ടിരിക്ക് പോര്‍ക്കേ.. ‘ എന്നു പറഞ്ഞ് പന്നിയുടെ അത്യാവശ്യം വേണ്ട ഏതോ സ്ഥലത്ത് ‍ ഒരു ചവിട്ടും കൊടുത്തു.

ഏഴാം സ്വര്‍ഗ്ഗം കണ്ട പന്നി ദിഗന്ദങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ അലറി വിളിച്ചു.

സുവിശേഷപ്രസംഗം നടത്തിയിരുന്ന അച്ചന്‍ അതു നിര്‍ത്തി.
‘ഹാവൂ..ഈസ്റ്ററായിട്ട് കൊച്ചാപ്പേട്ടന്‍ നല്ല ഉഷാറുള്ള പോര്‍ക്കിന്യാ വെട്ടണേ..’ പുരോഹിതന്റെ തൊട്ടുപുറകിലുണ്ടായിരുന്ന തങ്കമ്മയുടെ ആത്മഗതത്തിനു ഫ്രീക്വന്‍സികൂടിയോന്നൊരു സംശയം.

ആന്റോ സൌണ്ടിന്റെ കോളാമ്പി മൈക്കിലൂടെ തങ്കമ്മയുടെ മധുരമൊഴികള്‍ ആദ്യമായി പള്ളിഗ്രൌണ്ടിലെ അന്തരീക്ഷത്തില്‍ ലയിച്ചു ചേര്‍ന്നു.

കുരിശേന്തിയ ജനസഹസ്രം ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.
പുളകിത ഗാത്രനായി, സുസ്മേര വദനനായി കൊച്ചാപ്പേട്ടന്‍ അകലെ ആ സ്വരത്തിന്റെ ഉടമയെ പരതുകയായിരുന്നു.
പിന്നെ തങ്കച്ചന്‍ ഉന്തുവണ്ടി പരമാവധി സ്പീഡില്‍ വലിച്ചുകൊണ്ട് തന്റെ ദൌത്യം പൂര്‍ത്തിയാക്കി.

വാല്‍ക്കഷണം :
1. ഈ സംഭവത്തിനു ശേഷം ഇടയ്ക്കുള്ള സുവിശേഷ പ്രസംഗം ഇടവകപ്പള്ളി എന്നന്നേക്കുമായി അവസാനിപ്പിച്ചു.
2. ഒന്നിനു പകരം രണ്ടു പന്നിയെ വെട്ടിയിട്ടും ആവശ്യക്കാര്‍ ബാക്കിയായ ആ ഈസ്റ്ററിനു അരക്കിലോ പന്നിയിറച്ചി കാലത്തു തന്നെ തങ്കമ്മയുടെ വീട്ടില്‍ കൊടുത്തുവിടാന്‍ കൊച്ചാപ്പേട്ടന്‍ തങ്കച്ചനെ പ്രത്യേകം ശട്ടം കെട്ടിയിരുന്നു.

Monday, May 07, 2007

പെണ്ണുകാണല്‍

സ്ഥലം മുടിവെട്ടുശിരോമണി ശ്രീമാന്‍ ഉണ്ണിനായര്‍ക്ക് ചൊവ്വാഴ്ച ദിവസങ്ങളിലെ മുടിവെട്ട് ഓര്‍മ്മത്തെറ്റുകൊണ്ട് വന്നുപെടുന്ന ഒരു പ്രശ്നം മാത്രമായിട്ടേ പാണ്ടിത്തോമേട്ടന്‍ കരുതാറുള്ളൂ. അല്ലെങ്കിലും ലോക ബാര്‍ബര്‍മാര്‍ക്ക് അന്നത്തെ ദിവസം ഓഫാണെന്നത് ദിവസവും ഓഫുവിട്ടെഴുന്നേല്‍ക്കുന്ന പത്തുമണിയുടെ സുപ്രഭാതത്തിലും ഉണ്ണിനായര്‍ക്ക് തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ചൊവ്വാഴ്ച ദിവസങ്ങളില്‍ ബാര്‍ബര്‍ ഷാപ്പ് തുറക്കരുതെന്ന നിയമം തെറ്റിക്കുന്നുണ്ടോയെന്നറിയാന്‍,കുപ്പി, പാട്ട & ഇരുമ്പുസാധനങ്ങള്‍ ‍ പെറുക്കുന്ന തമിഴന്മാരു പോലും റിട്ടേണ്‍ ഓര്‍ഡര്‍ അടിക്കുന്ന സൈക്കിളില്‍ ഊരു ചുറ്റുന്ന മണ്ഢലം ബാര്‍ബര്‍ അസോസ്സിയേഷന്‍ സെക്രട്ടറിയായ ചന്ദ്രേട്ടന്‍ ഇതികര്‍ത്തവ്യഥാമൂഢനായി ഉണ്ണിനായരുടെ കടയ്ക്കുമുന്നില്‍ വന്നു നില്ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ചന്ദ്രേട്ടന്റെ അന്നത്തെ ദിവസം അശുഭമായിരിക്കുമെന്ന വിശ്വാസപ്രമാണം ചന്ദ്രേട്ടനെ തുടര്‍ നടപടികളില്‍ നിന്നും ഒഴിച്ചു നിര്‍ത്തും. കുറച്ച് നേരത്തെ പാര്‍ക്കിങിനു ശേഷം രാമന്‍ നായരുടെ ചായക്കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് ചന്ദ്രേട്ടന്‍ സ്ഥലം വിടും.

ഇത്രയൊക്കെ പറഞ്ഞാലും ഉണ്ണിനായരെ ആരും കൈവച്ച ചരിത്രം ഉണ്ടായിട്ടില്ല. സ്ലിം ബ്യൂട്ടി കോണ്ടെസ്റ്റില്‍ ഒന്നാം സമ്മാനം വാങ്ങേണ്ട ആ രൂപലാവണ്യം കണ്ടാല്‍ കൈവെക്കാന്‍ പോയിട്ട് കൈയോങ്ങാന്‍ പോലും തോന്നില്ല

ഗ്രീക്ക്, ജര്‍മ്മന്‍ ദേവതകളുടെ നഗ്നരൂപങ്ങളാല്‍ അലംകൃതമായ തന്റെ ഷോക്കേസു കാരണമാണ് ചെറിയകുട്ടികള്‍ പോലും വാശിപിടിച്ച് ഈ ബാര്‍ബര്‍ഷാപ്പില്‍ കയറുന്നതെന്ന്‍ ഉണ്ണിനായര് പലപ്പോഴും രാമന്‍ നായരോട് തന്റെ വാരിയെല്ലുകള്‍ വിറപ്പിച്ച് നിന്നുകൊണ്ട് പറയാറുണ്ട്.

ഉണ്ണിനായരുടെ വിശ്രമകേന്ദ്രം തൊട്ടടുത്തു തന്നെയുള്ള രാമന്‍ നായരുടെ ചായക്കടയാണ്. പറപ്പൂക്കാരന്റെ തീയ്യറ്ററിലെ ഇന്റര്‍വെല്‍ സമയം കഴിഞ്ഞാല്‍ സമയം തെറ്റി ഓടുന്ന ട്രാന്‍സ്പോര്‍ട്ട് വണ്ടി പോലെ കാലിയായിരിക്കും രാമന്‍ നായരുടെ കട. രാമന്‍ നായരെ കൂടാ‍തെ ‘പപ്പ‘യാണ് കടയിലെ പ്രധാന കുശിനി ഓപ്പറേറ്റര്‍.

സ്നേഹം കൂടുമ്പോള്‍ രാമന്‍ നായര്‍ ‘ ^&$%% പപ്പേ ‘ എന്നുവിളിക്കുമെന്നല്ലാതെ ആരും ‘പപ്പ‘ യെ പദ്മനാഭന്‍ എന്നു വിളിച്ചു കേട്ടിട്ടില്ല. പപ്പയ്ക്കത് ആവശ്യവുമില്ലെന്നായിരിക്കും ചോദിച്ചാല്‍ പറയുക. എങ്കിലും ‘പിച്ചകൊച്ചപ്പേട്ട‘ന്റെ പലചരക്കുകടയില്‍ നിന്നും ക്രെഡിറ്റായി സാധനം വാങ്ങിക്കാന്‍ പപ്പയ്ക്കുള്ള കഴിവിനെ രാമന്‍ നായര്‍ പലപ്പോഴും ഉഴുന്നു വടയുടെ രൂപത്തിലും നെയ്യപ്പത്തിന്റെ രൂപത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പപ്പയ്ക്ക് രണ്ടു ബലഹീനതകളാണുള്ളത്. ഒന്ന് കോണ്‍ഗ്രസ്സുകാര് എവിടെയെങ്കിലും ഒരു ജാഥ വെച്ചാല്‍ അവിടെ പപ്പയുണ്ടായിരിക്കും.
അതുപോലെ തന്നെ മറ്റൊന്ന് ജയന്റെ സിനിമ. അതെവിടെയായാലും അന്ന് രാമന് നായരെ മൊഴിചൊല്ലിയാണെങ്കിലും പപ്പ അതിനു പോയിരിക്കും.

ഗോവിന്ദന്‍ നായരുടെ എണ്ണത്തില്‍ പെടുത്താത്ത മൂത്ത ഭാര്യയിലെ സന്താനമാണ് പപ്പ. വയസ്സു മുപ്പത്തിയഞ്ചായിട്ടും ക്രോണിക് ബാച്ചിയായി നില്‍ക്കുന്നു. പപ്പയെ ഒരു പെണ്ണുകെട്ടിച്ചു വിടാന്‍ ഗോവിന്ദന്‍ നായര്‍ ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല,പ്രത്യുത കാണാന്‍ പോകുന്ന പെണ്ണെല്ലാം ചായ കൊണ്ടുവന്നു വെച്ച് നിമിഷങ്ങള്‍ക്കകം അരൂപിയായി പോകുന്ന പ്രതിഭാസം മാത്രമാകുന്നു. അമ്പിസാമിയുടെ കുളത്തില്‍ മൂന്ന് കട്ട ലൈഫ് ബോയി തേച്ചുകുളിച്ചാലും പപ്പയുടെ ഗ്ലാമര്‍ പുറത്തേക്ക് വരില്ലെന്നു വെച്ചാല്‍ എന്താ ചെയ്യാ..

ആയിടെയാണ് സ്ഥലത്തെ പ്രധാന തേപ്പുകാരനും ജനകോടികളുടെ വിശ്വസ്ത ബ്ലേഡുകമ്പനി പിരിവുകാരനും അതിലുപരി ഒരു കല്യാണ ബ്രോക്കറുമായ പാണ്ടിത്തോമേട്ടന്‍ രാമന്‍ നായരുടെ കടയിലിരുന്ന് പപ്പയ്ക്ക് ഒരു ഓഫര്‍ കൊടുക്കുന്നത്.
‘പപ്പേ, ഒരു ക്ടാവ് വന്നു പെട്ടിട്ടുണ്ട്. നെനക്ക് നല്ല ചേര്‍ച്ച്യാ. ’
പരിപ്പുവട ഉണ്ടാക്കിക്കൊണ്ടിരുന്നിടത്തുനിന്നും പപ്പ പാഞ്ഞെത്തി.
....

‘പിന്നെ, ഈ കോലത്തിലൊന്നും പെണ്ണുകാണല് നടക്കില്ല. കൊറച്ച് വൃത്തിം വെടുപ്പൊക്കെയായിട്ട് വരണം. അങ്ങ്ന്യാണെങ്കി നാളെ ഉച്ചതിരിഞ്ഞ നമ്മക്ക് പൂവ്വാം..’
പപ്പ പുളകിത ഗാത്രനായി അടുക്കളയില്‍ പോയി ഒരു ഡബിള്‍ നെയ്യപ്പം സ്പെഷലായുണ്ടാകി പാണ്ടിത്തോമക്ക് സമര്‍പ്പിച്ചു. ഈ സമയം അവിടെ രാമന്‍ നായരില്ലാതിരുന്നത് എത്രനന്നായെന്ന് പപ്പയും പാണ്ടിത്തോമയും ഒരേ മനസ്സോടെ ചിന്തിച്ചു.

ഷാപ്പു സന്ദര്‍ശ്ശനവും ഉച്ചയുറക്കവും കഴിഞ്ഞ ഉണ്ണിനായര്‍ ബാര്‍ബര്‍ ഷാപ്പു തുറന്നാല്‍ രാമന്‍ നായരുടെ കടയിലെ കടുപ്പത്തിലെ ഒരു ചായ മുടക്കാറില്ല. കെട്ടിറങ്ങാന്‍ അതിനേക്കാള്‍ മികച്ച ബ്രാന്‍ഡ് വേറൊന്നുമില്ലെന്നാണ് ഉണ്ണിനായരുടെ വേദം.

‘ഉണ്ണ്യാരേ.. നമ്മടെ പപ്പക്ക് ഒരു ആലോചന വന്ന്ട്ട്ണ്ട്.. ‘ പാണ്ടിത്തോമ വിഷയമെടുത്തിട്ടു.
‘ഉവ്വാ.. എവ്ട്ന്നാ..’
‘അത് മ്മടെ മേച്ചേരിപ്പടീന്ന്.... ഒരു പ്രശ്നണ്ട്.. ഇവന്‍ ഈ കോലത്തില്‍ പോയാല്‍ പെണ്ണ് പെണ്ണിന്റെ വഴിക്ക് പോകും..’
‘അത് ശര്യ... പിന്നെ എന്താ ചെയ്യ്യാ..’
‘ഉണ്ണ്യാര് ഒരു കാര്യം ചെയ്യ് .. ഇവന്റെ മുടിയൊക്കെ ഒന്ന് വെട്ടി ഒന്ന് കുട്ടപ്പനാക്കി നിര്‍ത്ത് . നാളെ പറ്റിയാല്‍ കാലത്തു തന്നെ കൊണ്ടു പോകാം..’
‘അതിനെന്താ മാപ്ലെ പ്രശ്നം.. പപ്പേ നീയിങ്ങട് വാ..ഇപ്പ ശര്യാക്കിത്തരാം..’

സ്ഥിരമായി കുടിക്കുന്ന ചായപോലും ഒഴിവാക്കി പപ്പയെയും കൊണ്ട് ഉണ്ണിനായര്‍ തന്റെ ബാര്‍ബര്‍ ഷാപ്പ് ലക്ഷ്യമാക്കി ‘ഓപ്പറേഷന്‍ പപ്പ’ യ്ക്കായി നീങ്ങി.

മഹത്തായ രണ്ടാം വാരത്തിലേക്ക് ജയന്റെ ‘മീന്‍‘ കടന്നിരിക്കുന്നതുകൊണ്ട് തീയ്യറ്ററില്‍ നല്ല തിരക്കുണ്ട്. ഇന്റര്‍വെല്ലിനുമുന്‍പ് പപ്പയ്ക്ക് തിരിച്ചെത്തണം. രാമന് നായര്‍ അതിനുമുമ്പ് വരും.

‘ഉണ്ണ്യാരെ പെട്ടന്ന് തന്നെ ശര്യക്കി തരില്ലേ.. ‘ പപ്പ സംശയിച്ചു.
‘നീയ്യ് പേടിക്കണ്ട്രാ.. നെനക്ക് ഏത് സ്റ്റൈലാ വേണ്ടേ..’
‘യ്ക്ക് ജയന്റെ മതി..’
‘ഡാ.... ജയന്റെ സ്റ്റൈലില് ഞാന്‍ ഇതുവരെ വെട്ടീട്ടില്ല. നസീറിന്റെ മത്യാ..’
‘ഏയ്.. യ്ക്ക് ജയന്റെ മതി..’
‘ഉം...’

ഉണ്ണിനായരുടെ കറങ്ങുന്ന ഓപ്പറേഷന്‍ ചെയറിലിരുന്ന് പപ്പ ഗ്രീക്ക് ദേവതകളെയെല്ലാം ദര്‍ശിച്ച്
അങ്ങാടിയും മീനും ബെന്‍സുവാസുവും മൂര്‍ഖനും നായാട്ടുമെല്ലാം ഒറ്റ ഷോട്ടിലിട്ട് കണ്ടു നിര്‍വൃതിയടഞ്ഞു.

ഏറെ ശ്രമഫലമായി ഉണ്ണിനായര്‍ പപ്പയെ ഒരു ലെവലാക്കി എടുത്തു. കുട്ടിക്കൂറയിട്ട് കുട്ടപ്പനാക്കി പപ്പക്ക് ആ തിരു മോന്ത കണ്ണാടിയില്‍ കാണിച്ചുകൊടുത്തു . കുട്ടിക്കൂറയുടെ ആ ഗ്ലാമറില്‍ മയങ്ങി പപ്പ സംതൃപ്ത ക്ലപ്തനായി തിരിച്ച് ചായക്കടയിലേക്ക് നടന്നു.

രാമന്‍ നായര് ചായക്കടയുടെ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു.
‘ഡാ പപ്പെ, നീയ്യ് അടുത്താഴ്ച പോണന്ന് പറഞ്ഞ്ട്ട് ഇന്നു തന്നെ മുടിവെട്ടി വന്നാ..? ‘
‘ഏയ്.. ഞാന്‍ നാളെ പോകും.. പാണ്ടിത്തോമേട്ടന്റെ കൂടെ..’
‘പാണ്ടിത്തോമ്യാ...? ..‘
‘ങാ.. അയാള് വരാണ്ട്....’
‘ഡാ.. അയാള് എന്തിനാടാ പളനിക്ക് വരണേ. അയാള് മാപ്ലാരല്ലടാ...’
‘പളനിക്കാ.. ഇത് നാളെ മേച്ചേരിപ്പടീല് ഒരു പെണ്ണ് കാണാന്‍ പൂവ്വാന്‍ വേണ്ട്യാ ... ‘
‘നീയ്യ് പോയിട്ട് ആ മോന്ത തേച്ച് കഴ് കീട്ട് ആ കണ്ണാടീലൊന്ന് ചെന്ന് നോക്കടാ...’
അല്പം വിഷമത്തോടെയെങ്കിലും മുഖം കഴുകി പപ്പ കണ്ണാടിയെടുത്ത് നോക്കി.

ജയന്റെ സ്റ്റൈലില്‍ വെട്ടാന്‍ പറഞ്ഞിട്ട് ജയില്‍പ്പുള്ളി സ്റ്റൈലിലാണല്ലോ ദൈവമേ ഈ ഉണ്ണിനായര് വെട്ടിയിരിക്കുന്നതെന്ന നഗ്നസത്യത്തിന്റെ മോന്തക്ക് ഒരു പൂശു പൂശി.

അന്ന് മാറ്റിനിയുടെ ഇന്റര്‍വെല്ലിനു മുമ്പുതന്നെ ഉണ്ണിനായര് ഒരു വശം മാത്രം വീര്‍ത്ത മുഖത്തോടെ ബാര്‍ബര്‍ഷാപ്പ് അടച്ച് വീട്ടില്‍ പോകുകയും ഒരാഴ്ചത്തേക്ക് പാണ്ടിത്തോമേട്ടന്‍ രാമന്‍ നായരുടെ കടയിലേക്ക് എത്തിനോക്കുക പോലും ചെയ്തില്ലയെന്നത് ചരിത്രം.