Tuesday, August 29, 2006

വേലായി ചരിതം ഒന്നാം ഖണ്ഡം

വേലായുധന്‍, വേല്‍ ആയുധമായിട്ടുള്ളവന്‍ ആകുന്നു, അല്ലാതെ വേല ആയുധമായിട്ടുള്ളവനല്ല. പക്ഷേ ഈ പറയുന്ന വേലായുധന് അഥവാ വേലായിക്ക് ഇതു രണ്ടുമില്ല.
പ്രത്യേകിച്ച് ഒരു പണിയില്ല. ഒഴിവുള്ളപ്പോള്‍ തോടു വക്കിലിരുന്നു കുറച്ച് മീന്‍ പിടിക്കും. അത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം വാസ്വേട്ടന്റെ ഷാപ്പിലെ‍ കണക്ക് തീര്‍ക്കാന്‍. പിന്നെ നാടന്‍ പാട്ടുകളുടെയും കഥകളുടെയു കമനീയ ശേഖരത്തിനുടമയുമാണ് വേലായി. ഓണക്കാലത്ത് കുമ്മാട്ടിയായി വേഷം കെട്ടുന്നതുകൊണ്ട് കുമ്മാട്ടി വേലായി എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട് കൂടെ വേലായിയുടെ ഏതൊക്കെയൊ ഭാഗത്ത് ചില അക്ഷരപിശകുള്ള കാര്യവും.

വേലായിയുടെ ദിനചര്യയിലൊന്നാണ് ഗോവിന്ദന്‍ നായരുടെ കടയിലെ ചായ കുടി.
കാലത്ത് ആറുമണിയോടെ വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗോവിന്ദന്‍ നായരുടെ ചായക്കടയിലേക്ക് നടന്ന് പോയിയാണ് ചായ കുടിക്കുന്നത്. പോകുന്ന വഴിയില്‍ കാണുന്ന ആരോടും വേലായി വിശേഷങ്ങള്‍ ചോദിക്കും.
‘എന്താ മേന്നനെ .. സുഖല്ലെ..’
‘സുഖന്ന്യാ വേലായിയേ..’
‘മേനന്റെ ഭാര്യക്ക്യോ ?’
‘ഭാര്യക്കും സുഖം’
‘ഭാര്യ ആര്ട്യോ കൂടെ ഓടിപ്പോയീന്ന് കേട്ടുലൊ’
‘വേലായിയെ.. വെറുതെ കാലത്തന്നെ ഓരോന്ന്..’
‘അപ്പൊ മേനന്റെ ഭാര്യ പോയിട്ട് ല്ല്യാ.. ലേ.. എന്റെ ഭാര്യ ഇന്നലെ കാലത്ത് ഓടിപ്പോയി .. വൈന്നേരാവുമ്പൊ തിരിച്ച് വന്നൂട്ടാ‍..’
ഇതാണ് വേലായിയുടെ ശൈലി. നാട്ടുകാരല്ലാത്തവരുടെ കയ്യില്‍ നിന്നും ഇക്കാരണത്താല്‍ തന്നെ വേലായിക്ക് അത്യാവശ്യത്തിനൊക്കെ കിട്ടിയിട്ടുണ്ട്.
ഗോവിന്ദന്‍ നായരുടെ ചായക്കടയില്‍ വേലായിക്ക് ചായ ഫ്രീയാണ്. ഒന്ന് ഒന്നര മണിക്കുര്‍ ഓരോന്ന് പറഞ്ഞ് ആളുകളെ കടയില്‍ പിടിച്ചിരുത്താന്‍ വേലായിക്കുള്ള മിടുക്കു കൊണ്ടാ‍ണ് ഗോവിന്ദന്‍ നായര്‍ ഈ സൌജന്യം വേലായിക്ക് കൊടുത്തിട്ടുള്ളത്. ഒരു തരം മാര്‍ക്കറ്റിംഗ് തന്ത്രം.

അങ്ങനെയുള്ള വേലായിക്ക് ജീവിതത്തില്‍ ഒരാളെ മാത്രമേ അല്പമെങ്കിലും പേടിയുള്ളൂ.
വാസന്തിയെ.

വാസന്തി സുന്ദരിയായിരുന്നു., സുശീലയായിരുന്നു.
വേലായിയുടെ വീട്ടിലേക്കുള്ള വഴിയിലെ രാവുണ്ണി നായരുടെ പറമ്പിലെ മാവില്‍ ഒരു ദിവസം വാസന്തി തൂങ്ങി. നാട്ടില്‍ പണിക്ക് വന്ന ഏതൊ പാണ്ടി പിഴപ്പിച്ചു മുങ്ങിയതില്‍ മനം നൊന്താണ് വാസന്തി ഈ കടും കൈ ചെയ്തത്.
വാസന്തിയെ കുറിച്ച് പറയാനാണെങ്കില്‍ വേലായിക്ക് നൂറ് നാവാണ്. ജീവിച്ചിരിക്കുമ്പൊള്‍ വാസന്തിയെ വേലായിക്ക് ചെറിയ നോട്ടമുണ്ടായിരുന്നെന്ന് ചില വിവരദോഷികള്‍ പറയും.
രാത്രി വീട്ടിലേക്ക് പോകുമ്പൊള്‍ മിക്കവാറും വേലായി വാസന്തിയെ കാണും.
വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ പ്രേതങ്ങള്‍ക്ക് സുഖപ്രദമെന്ന അടിസ്ഥാനപ്രമാണമറിയുന്ന വേലായി രാവുണ്ണിനായരുടെ പറമ്പിന്റെ അടുത്തെത്തിയാല്‍ കയ്യിലെ ചൂട്ടു കുത്തിക്കെടുത്തും.
വെളുത്ത സാരിയും ചുവന്ന ബ്ലൌസുമിട്ട് തേട്ടയും കാണിച്ച് വാസന്തി അപ്പൊള്‍ പ്രവേശിക്കും. പിന്നെ വേലായിയുടെ ചില സ്ഥിരം ചോദ്യങ്ങളുണ്ട്.
‘വാസന്ത്യേ.. സുഖ ല്ലേ..’
‘ഞാന്‍ നേരം വൈക്യൊന്നും ല്ല്യാലൊ ?’
അവസാനത്തെ ചോദ്യം
‘ആ പാണ്ടി ഇന്നും വന്നില്ല്യ ലേ..’
ആ ചോദ്യം കേള്‍ക്കുമ്പൊള്‍ വാസന്തി നിരാശയോടെ തിരിച്ചു പോകും.

ഒരു ദിവസം രാത്രി വേലായി, വാസുവേട്ടന്റെ ഷാപ്പില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പൂരം അടുത്ത ദിവസമായതുകൊണ്ട് ഷാപ്പില്‍ ആളു കുറച്ച് കൂടുതലായിരുന്നു.വേലായിയുടെ വീതം കൊടുക്കാന്‍ അന്ന് വാസുവേട്ടന്‍ അല്പം വൈകി. ആളുകൂടിയാല്‍ വീര്യം കൂട്ടാനായി വാസുവേട്ടന്‍ കള്ളില്‍ ചില പ്രയോഗങ്ങള്‍ നടത്തും. അന്ന് വേലായിക്ക് കിട്ടിയത് വാസുവേട്ടന്റെ വീര്യം കൂടിയ സാധനമായിരുന്നു.
ഒരു ചൂട്ടുമായി നാടന്‍ പാട്ടും പാടി വേലായി രാവുണ്ണി നായരുടെ പറമ്പിലെത്തി.
സ്ഥിരമായി വാസന്തി നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പൊള്‍ വേലായി ചൂട്ട് ഒന്നുകൂടി വീശി ഒരു വശത്ത് കുത്തിക്കെടുത്തി.
പെട്ടന്ന് ഒരു അലര്‍ച്ച.
ഭൂമി കുലുങ്ങന്നത് പോലെ.

കാലത്ത് രാവുണ്ണി നായരുടെ പറമ്പിലെ തെങ്ങിന്‍ ചുവട്ടിലായിരുന്നു വേലായിയുടെ സുപ്രഭാതം.
ഗോവിന്ദന്‍ നായരുടെ കടയില്‍ ചെന്നപ്പോള്‍ അല്പം വൈകിയിരുന്നു.
‘എന്താ വേലായിയേ ഇന്ന് നേരം വൈക്യൊ..’
‘ന്തൂട്ട് പറയാനാ എന്റെ ഗോവിന്ദാരേ.. ഇന്നലെ രാത്രി നമ്മടെ വാസൂന്റെ അവ്ട്ന്ന് അന്തി അടിച്ച് വര്വായ് ര് ന്നു. മ്മടെ രാവുണ്ണ്യാര് ടെ പറമ്പില് എത്ത്യേപ്പൊ..’
‘എത്ത്യെപ്പൊ..’
‘നമ്മള് സാധാര്ണ വാസന്ത്യായ്ട്ട് വര്‍ത്താനം പറഞ്ഞ് ട്ടല്ലെ പൂവ്വാ.. ‘
‘ങാ..’
‘ഇന്നലെ അവള്‍ക്ക് ഭയങ്കര ദ്വേഷ്യം... ഞാന്‍ ചൂട്ട് കുത്തികെട്ത്തലും അവള്‍ ഒറ്റ അടി. അതോടെ നമ്മള് തെങ്ങിന്റെ ചോട്ടില്‍ക്ക് വീണു. പിന്നെ ഇന്ന് കാലത്താ കണ്ണ് തൊറക്കണത്..’
‘വേലായി എവിട്യാ ചൂട്ട് കുത്തിക്കെട്ത്ത്യെന്ന് അറ്യോ ?’
‘ആ മാവിന്റെ അവ്ടെ..’
‘ഏയ്.. ആ പൂരത്തിന് കൊണ്ടു വന്ന്‍ രാവുണ്ണ്യാര്ടെ പറമ്പില് കെട്ടിയിരുന്ന ആനേരെ ചന്തിക്കാ നീയ്യ് ചൂട്ട് കുത്തീത്..ആ ആന ഇന്നലെ രാത്രി വിജയന്‍ നായര്ടെ പറമ്പിലെ വാഴ മുഴുവന്‍ നശിപ്പിച്ചു... രാത്രി എത്ര കഷ്ടപ്പെട്ട് ട്ടാ അതിനെ തെളച്ചേന്ന് അറിയോ നെനക്ക് ? ’

Thursday, August 24, 2006

ഇടിവാളും എറപ്പായി ചേട്ടന്റെ അനുഗ്രഹവും

ഇടിവാള്‍, എലൈറ്റ്, മിന്നല്‍, ജനറല്‍ എന്നിവ ത്രിശിവപേരൂരിലെ പ്രസിദ്ധമായ ചില സായാഹ്നപ്പത്രങ്ങളാകുന്നു. ഇന്ന് ഇതില്‍ പലതും ഉണ്ടോയെന്ന സംശയമുണ്ട്. ഇടിവാള്‍ അതിലെ ഒരു മെംബര്‍ മാത്രം.എലൈറ്റ് ചാത്തുണ്ണിയുടെ അവിടെ നിന്നും ചാടിപ്പൊയ എറപ്പായി ചേട്ടനാണ് ഇടിവാളിന്റെ മുഖ്യ ശില്പി.

ആ ശില്പിയുടെ കീഴില്‍ പാര്‍ടൈം പത്രപ്രവര്‍ത്തകരായിരുന്നു ഞാനും ജോര്‍ജ്ജും. ജോര്‍ജ്ജിന്റെ വകയില് ഒരു ഇളയപ്പനായി വരും എറപ്പായേട്ടന്‍. ഒറ്റ പ്രശ്നം. ശംബളം കാശായിട്ട് ഇല്ല. അന്ന് ടൌണിലെ തീയറ്ററുകള്‍ ഫ്രീയായി പത്രങ്ങള്‍ക്ക് നല്‍കുന്ന സിനിമാ ടിക്കറ്റുകളായിരുന്നു ശംബളം. കാലത്ത പതിനൊന്നു മണിക്ക് രാഗത്തില്‍ വരുന്ന ഇംഗ്ലീഷ് ക്ലാസിക് പടങ്ങള്‍ കാണുകയെന്നത് അന്നത്തെ ഒരു ബലഹീനതയായിരുന്നു(ഗിരിജയിലെ ടി.ജി.രവിയുടെ വീരസാഹസിക സിനിമകളും). ഒന്നരക്ക് ക്ലാസ് വിട്ടാല്‍ സൈക്കിളില്‍ ടൌ‍ണില്‍ ഒരു കറക്കം. മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ ഓഫീസ് , പിന്നെ എക്സ്പ്രസ്സ് പത്രത്തില്‍ ജോലിചെയ്തിരുന്ന ബാലക്രഷ്ണെട്ടനായി അരമണിക്കുര്‍ ചായ കുടി. ഇത്രയുമായാല്‍ ഒരു നാല് തലക്കെട്ടിനുള്ള വകുപ്പായി.പിന്നെ അതുമായി എറപ്പായേട്ടന്ടെ അടുത്തേക്ക് ഒരു പാച്ചിലാണ്. എറപ്പായേട്ടന്ടെ അറിവിലില്ലാത്തതായിരിക്കും ഞങ്ങളുടെ മിക്ക വാര്‍ത്തകള്‍. ഞങ്ങളുടെ വാര്‍ത്തകള്‍ അവസാന എഡിഷനിലാണ് സാധാരണ വരുന്നത്.

അന്ന് സി.പി.ഐ യുടെ കുട്ടിപ്പാര്‍ട്ടിയായ എ.ഐ.എസ്.എഫിന് വേരുകള്‍ മുളച്ചുകൊണ്ടിരിക്കുന്ന കാലം. സ്വന്തമായി ഒരു സമരം നടത്താന്‍ ആളെക്കുട്ടേണ്ട അവസ്ഥ. ടൌണില്‍ ഒരു ജാഥ നയിക്കാന്‍ മിനിമം പത്താളെങ്കിലും തുനിഞ്ഞിറങ്ങേണ്ടേ. അതിന് ആളെത്തപ്പി കിട്ടാതെ സജീവന്‍(ജില്ലാ സെക്രട്ടറി) വിഷമിച്ചിരിക്കേണ്ട അവസ്ഥ. അങ്ങനെയാണ് ഞാനും ജോര്‍ജ്ജും പാര്‍ട്ടിയില്‍ ചേരുന്നത്. ഒരേ ഒരു കണ്‍ടീഷന്‍ ജാഥ കഴിഞ്ഞാല്‍ അന്നപൂര്‍ണ്ണയില്‍ നിന്നും ഒരു മസാല ദോശ.

അങ്ങനെയിരിക്കുമ്പോഴാണ് സജീവന് ഒരു ബുദ്ധിയുദിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. ഒരു വഴിതടയല്‍ സമരമൊ മറ്റോ നടത്തനമെങ്കില്‍ മിനിമം പത്തുമുപ്പത് പേരെന്കിലും വേണം. അങ്ങനെയാണ് താരതമേന്യ ശക്തികുടിയ എസ്.എഫ്.ഐ. വഴിതടയല്‍ സമരം നടത്തുന്നത്. സജീവന്‍ എസ്.എഫ്.ഐ നേതാക്കളുമായി ഒരു യൊജിച്ച സമരത്തിനുള്ള അവസരം അന്വേഷിച്ചു. എസ്.എഫ്.ഐക്കാര്‍ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു.
വഴി തടയല്‍ സമരം പോലീസ് അടിച്ചമര്‍ത്തി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിക്കും ജോയിന് സെക്രട്ടറിക്കും പരിക്കേറ്റു ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐയുടെ ജില്ലാസെക്രട്ടറി അനില്‍ കുമാറിന്റെ കൈയ്യൊടിഞ്ഞു.ജോസഫിന്റെ തലക്ക് സ്റ്റിച്ചിട്ടു.

അന്നത്തെ ഇടിവാളില്‍ ഞങ്ങളുടെ കിടിലന്‍ സ്കൂപ്പ് വാര്‍ത്ത

‘ഇടതു വിദ്യാര്‍ഥിസംഘടനകളുടെ വഴിതടയല്‍ സമരത്തില്‍ പോലീസ് അക്രമം. എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി സജീവന്‍,ജോയിന്‍ സെക്രട്ടറി നവീന്‍ എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍’

ആറുമണിയുടെ വടക്കാഞ്ചേരിയിലെക്കുള്ള എം.ബി.എസ് ബസിലിരുന്ന് സജീവനും കുന്ദംകുളത്തേക്കുള്ള ആര്‍.എം.എസ് ബസിലിരുന്ന് നവീനും ഇടിവാള്‍ വായിച്ചു സായൂജ്യമടയുന്നു.

പിറ്റേന്ന് പുതിയ സ്കൂപ്പുമായി എറപ്പയിചേട്ടന്ടെ അടുത്ത് ചെന്നപ്പൊളായിരുന്നു ഞങ്ങള്‍ക്ക് എസ്.എഫ്.ഐക്കാരുടെ കൈക്കരുത്തും മെയ്ക്കരുത്തും എറപ്പായിചേട്ടന്റെ ദേഹത്തും ഇടിവാളിനും കാര്യമായി ഉള്‍ക്കൊള്ളാനായിട്ടുണ്ടെന്നത് മനസ്സിലായത്.

അവിടെ ഞങ്ങളുടെ പത്രധര്‍മ്മത്തിനു തിരശീല വീഴുന്നു .എറപ്പായി ചേട്ടന്ടെ അനുഗ്രഹ വര്‍ഷങ്ങളോടെ..
‘കുരുത്തം കെട്ട പിള്ളേരെ നിങ്ങള് ഒരു കാലത്തും ഗുണം പിടിക്കില്ല.’

Wednesday, August 16, 2006

രക്തരക്ഷസും ഒരു തീര്‍ത്ഥാടനയാത്രയും

പേരകം പള്ളിയിലെ അമ്മമാരുടെ (അറുപതും എഴുപതും കഴിഞ്ഞ ലലനാമണികള്‍) കൂട്ടായ പരിശ്രമമാണ് അമ്മ സംഘം. ഞായറാഴ്ചയില്‍ ഇറച്ചിക്കൂട്ടാന്‍ കടുകുവറുത്ത് വീട്ടിലെ ചെറുതും വലുതുമായ കുട്ടൂസന്മാര്‍ ഒരു സ്മാളടിച്ച് കിടന്നുറങ്ങുന്ന സമയത്ത് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അമ്മമാര്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയുടെ മണ്ഢപത്തില്‍ ഒരുമിച്ചുകൂടുന്ന ഒരു കൂട്ടായ്മയാണിത്. ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവ് , ഒരു നന്മനിറഞ്ഞ മറിയം, ഒരു ലുത്തനിയ, പിന്നെ മാസവരിസംഖ്യ., പിന്നെ കുറെ കുരുട്ടും കുന്നായ്മയും . ഇതാണ് മുഖ്യ അജണ്ട. ഇതു നയിക്കുന്നത് പള്ളിസ്കൂളിലെ ഏറ്റവും ജൂനിയറായ വര്‍ഗ്ഗീസ് മാഷും. വര്‍ഗ്ഗീസ് മാഷ്ക്ക് ഇതില്‍ നിന്നും കിട്ടുന്ന ലാഭമെന്തെന്നാല്‍ വര്‍ഷത്തിലൊരിക്കലുള്ള വിനോദം + തീര്‍ത്ഥയാത്ര തന്നെ.
ഇത്തവണത്തെ തീര്‍ത്ഥയാത്ര കുറെ പള്ളികളിലേക്കാണ്. പാലയൂര്‍ , പാവറട്ടി, ചെട്ടിക്കാട് , വല്ലാര്‍പ്പാടം , അര്‍ത്തുങ്കല്‍ , കാഞ്ഞൂര്‍ പള്ളികളും ഇതിനിടയില്‍ ചില വിനോദകേന്ദ്ര സന്ദര്‍ശനങ്ങളും. സൈഡില്‍ ഗ്ലാസ്സിട്ട മൂത്രപ്പുരയൊക്കെയുള്ള ഒരു കിടിലന്‍ ബസ്സിലാണ് യാത്ര.
തീര്‍ത്ഥയാത്ര നയിക്കുന്നത് വര്‍ഗീസ് മാഷും കൂടെ ചെറുപ്പക്കാരായ നാലു മാഷുമാരും പിന്നെ 40 അമ്മമാരും (അമ്മാമമാര്‍ തന്നെ)

മാഷുമാരുടെ സംഘത്തിന്റെ യാത്രോദ്യേശ്യം പള്ളിസന്ദര്‍ശനമാണെന്ന് പൂര്‍ണ്ണമായും പറയാനാവില്ല. എറണാംകുളത്ത് കലാനിലയത്തിന്റെ ‘രക്ത രക്ഷസ്’ നാടകം കളിക്കുന്നുണ്ട്. ഏതുവിധേനെയും രാത്രി ഏഴുമണിക്ക് മുന്‍പ് എല്ലാ കറക്കവും കഴിച്ച് എടപ്പിള്ളി പള്ളിയില്‍ ഈ പടയെ ഇറക്കി നാടകത്തിന് കയറണമെന്നു മാത്രം മനസ്സില്‍ വിചാരിച്ച് വന്നിട്ടുള്ളതാണ്.
സമയം ഉച്ചതിരിഞ്ഞു ആറരമണിയായി. അര്‍ത്തുങ്കല്‍ പള്ളിയിലെ സന്ദര്‍ശനത്തിനു ശേഷം എത്രയും പെട്ടന്ന് ഇടപ്പള്ളി പള്ളിയില്‍ എത്തിക്കാനായി ഡ്രൈവര്‍ തന്റെ മാക്സിമം സ്പീഡിലാണ് ഓടിക്കുന്നത്.

യുവസംഘത്തിന്റെ മനസ്സില്‍ രക്തരക്ഷസ് നാടകത്തെക്കുറിച്ചുള്ള ചിന്തകള്‍ മാത്രം.
അമ്മ സംഘം ‘നല്ല മാതാവെ മരിയെ ..‘ പാടി രസിക്കുന്നു. അതിനിടയിലാണ് എം.ജി. റോഡില്‍ വെച്ച് ഡ്രൈവര്‍ സഡന്‍ ബ്രേക്കിടുന്നു. പിന്നെ, ഡ്രൈവര്‍ ആരൊടൊക്കെയൊ സംസാരിക്കുന്നു.
കുറച്ച് കഴിഞ്ഞ് ഒരാള്‍ തലയില്‍ നിന്നെല്ലാം രക്തമൊലിപ്പിച്ചുകൊണ്ട് ബസ്സിന്റെ സൈഡ് ഡോറിലൂടെ കടന്നു വരുന്നു.
അമ്മ സംഘം പാട്ടു നിര്‍ത്തി.
ആഗതന്റെ വെള്ള ഷര്‍ട്ട് മുഴുവന്‍ രക്തക്കറയാണ്.
‘എന്റെ കര്‍ത്താവേ..പുതിയ ഡ്രൈവറാണ് .. മനുഷ്യന് പണിയാക്കിയെന്നാണ് തോന്നണെ..’ വര്‍ഗ്ഗീസ് മാഷുടെ ആത്മഗതം.
‘എന്റെ അമ്മോ.. രക്തരക്ഷസ് ഇത്രവേഗം തുടങ്ങ്യൊ ?’ സ്വതേ തമാശക്കരനായ ജോസ്മാഷുടെ കമന്റ്.
ആഗതന്‍ എല്ലാവര്‍ക്കും അഭിമുഖമായി നിന്ന് കൊണ്ട് വിറക്കുകയാണ്.
‘ഒരാളെയും ഞാന്‍ വെറുതെ വിടില്ല.. ഇതിന് സമാധാനം പറഞ്ഞിട്ട് ഇനി വണ്ടി എടുത്താല്‍ മതി. .. അല്ലെങ്കി...പോലീസ് സ്റ്റേഷനിലേക്ക് വിടടാ വണ്ടി..’
'നിങ്ങ വണ്ടിക്കാരനോട് ചോദിക്ക്. നമ്മ മെക്കിട്ട് കയറണതെന്തിനാ.. ‘ റോസച്ചേടത്ത്യാര്‍ തിരിച്ചടിച്ചു.
‘ദേ തള്ളേ.. ഡ്രൈവറ് മുറുക്കില്ല. നിങ്ങളാരെങ്കിലുമാ‍ണീ കടുംകൈ ചെയ്തത്.. ആരായാലും ഇപ്പൊ എനിക്കറിയണം..’
‘ങ്ഹ. . അപ്പൊ പൊട്ടി ചോരവന്നതല്ല അല്ലേ......മുറുക്കിത്തുപ്പിയാതാണല്ലെ..’
‘ദേ ഇതിന് സമാധാനം പറയ്..ആരാ ഇത് ചെയ്തത് .. ’ ആഗതന്റെ കണ്ട്രോള് പോയിക്കൊണ്ടിരിക്കുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
അപ്പോഴും താഴെ പോയ കൊന്ത തപ്പുന്ന ഭാവത്തില്‍ മറിയക്കുട്ടി ചേടത്തിയാര്‍ തന്റെ മുറുക്കാന്‍ കോളാമ്പി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Friday, August 11, 2006

പണ്ടാറക്കാട് പറമ്പും ചില കോന്നപ്പന്‍ വിശേഷങ്ങളും.

കാലത്തെ മുടക്കമില്ലാത്ത പത്രവായനക്കിടക്കാണ് കുമാ‍രന്‍ നായരുടെ തല ഗേറ്റില്‍ കണ്ടത്.
കുമാരന്‍ നായര്‍, ന്യൂ ഇന്ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഇപ്പൊള്‍ സ്വസ്ഥ്മായി വീട്ടില്‍ ഇരിക്കുന്നു. ഉള്ള കാലതത് പലയിടങ്ങളിലും സ്ഥലങ്ങളും മറ്റും വാങ്ങിക്കുട്ടി അതിന്റെ വരുമാനത്തില്‍ ജീവിക്കുന്നു.പോരാത്തതിന് അറുപിശുക്കനും.
പക്ഷെ എനിക്കല്പസ്വല്പം കടം തരാന്‍ കുമാരന്‍ നായര്‍ക്ക് വലിയ മടിയില്ല. കാ‍രണങ്ങള്‍ പലതാണ്. ഒന്ന് സമയത്ത് തിരിച്ചു കൊടുക്കും. പിന്നെ, പാര്‍ടൈമായി കുമാരന്‍ നായരുടെ ബൈക്കിന്റെ ഡ്രൈവറായി ഞാനിടക്ക് പോകും.കുമാരന്‍ നായര്‍ക്ക് ഈയിടെയായി ചെറിയ കാഴ്ച്ചക്കുറവുണ്ട്.ദേവകിട്ടീച്ചര്‍, കുമാരന്‍ നായരുടെ സഹധര്‍മ്മിണി അതുകൊണ്ടു തന്നെ ബൈക്കെടുക്കാന്‍ സമ്മതിക്കില്ല.
സാധാരണ കുമാരന്‍ നായര് വരുന്നത് എന്തെങ്കിലും കുത്തിത്തിരുപ്പുമായിട്ടായിരിക്കും.
“മേനന്നെന്താ പേപ്പറ്മ്മെക്കായ്ട്ടൊള്ളോ?”
“ങാ.. ബോംബെല് നല്ല മഴ. വെള്ളപ്പൊക്കം..... ഇത്തവണ മഴ കൂടുതലാത്രെ..കുമാരന്‍ നായര്ക്ക് എന്താ ചായയാ കാപ്പിയാ ?” വെറുതെ ചോദിച്ചതാണ്.
“ഏയ്.. ഒന്നും വേണ്ട. ഞാന്‍ ചായകുടിച്ച് എറങ്ങ്യേ ഉള്ളു..”
“എന്താ നേര്‍ത്തെ എറങ്ങ്യാ..”
“ന്തൂട്ട് പറയാനാ എന്റെ മേനനേ.. ആ കോന്നപ്പന്‍ പണ്ടാറക്കാട് പറമ്പില്ക്ക് പോയിട്ട് മാസം ഒന്നായി. ഒരു വിവരോല്യ.സാ‍ധാരണ ഇരുപതു ദിവസം കൊണ്ട് അവ്ടത്തെ കിള കഴിയാറുള്ളതാണ്.ഇപ്രാവശ്യം മുപ്പത് ദിവസായിട്ടും ഒരു വിവരോല്യ. ഒന്ന് അവ്ടം വരെ പോയാലോന്ന് ആലോച്ക്ക്യ..’
അപ്പോള്‍ അതാണ് കാര്യം.
പണ്ടാറക്കാട് കുമാരന്‍ നായര്‍ക്ക് രണ്ടേക്കറ് തെങ്ങും പറമ്പുണ്ട്. പൂര്‍വ്വിക സ്വത്തായി കിട്ടിയ സ്ഥലമാണ്.
പണ്ടാറക്കാട് എന്നത് ഒരു തുരുത്താകുന്നു. ഏകദേശം പത്തേക്കറോളം വരുന്ന തുരുത്ത്. എളവള്ളി പാറയില്‍ നിന്നും കിഴക്കോട്ടിറങ്ങിയാല്‍ കോള്‍പ്പാടം അതും കഴിഞ്ഞ് ഒരു തോട് . അതിനപ്പുറത്താണ് പണ്ടാറക്കാട് തുരുത്ത്. അവിടെ ആള്‍ താമസം കുറവാണ്. മൊത്തം നാലു കുടുംബങ്ങള്‍. ഒന്ന് എളവള്ളി ഷാപ്പിലെ കറിവെപ്പുകാരന്‍ വിശ്വനാഥന്‍, സ്ഥലം എസ്.ഐ യുടെ കണ്ണിലുണ്ണിയാ‍യ മാമ്പ്രത്തെ ഉണ്ണി, താമരപ്പിള്ളിയില്‍ പലചരക്കു കട നടത്തുന്ന കാദറ് മാപ്ല, പിന്നെ പ്രശസ്ത നാടകനടിയായ പണ്ടാറക്കാട് ശാന്തമ്മ(ഏകദേശം നടത്തറ ശാന്തയുടെയും കൊടകര കൊച്ചമ്മിണിയുടെയും കല്ലൂര് നളിനിയുടെയും ഊരകം ത്രേസ്യാമയുടെയുമൊക്കെ അടുത്ത് പ്രശസ്തിയുള്ള)യുമാണു അവിടത്തെ താമസക്കാര്‍.
കുമാരന്‍ നായരുടെ പറനമ്പില്‍ നൂറ്റന്‍പതോളം തെങ്ങുണ്ട്. ഒറ്റമുറിയുള്ള ഓല മേഞ്ഞ ഒരു ചെറ്റക്കുടില്‍ ഫാം ഹൌസ് പോലെ അവിടെയുണ്ട്. കോന്നപ്പനാണ് ഇതെല്ലാം നോക്കി നടത്തുന്നത്. തെങ്ങു കയറ്റുന്നതും തേങ്ങയുടെ കണക്കു കൊടുക്കുന്നതുമെല്ലാം കോന്നപ്പന്റെ ഉത്തരവാദിത്തമാണ്.
കോന്നപ്പന്‍, തലമുറ തലമുറയായി പറമ്പ് പണി കുലത്തൊഴിലാക്കിയിട്ടുള്ള കുടുംബത്തില്‍ നിന്നുമാണ്. അന്‍പതോടടുത്ത് പ്രായം. സഹോദരിമാരെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം കൊണ്ട് ഇന്നും അവിവാ‍ഹിതന്‍. വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പൊള്‍ അലര്‍ജ്ജി. ഒറ്റത്തടി. തൈക്കാട് നാലും കൂടിയ വഴിയിലാണ് കോന്നപ്പന്റെ വീട്. കാലങ്ങളായി കുമാരന്‍ നായരുടെ പറമ്പ് പണിക്കാരനും നോട്ടക്കാരനുമാണ് കോന്നപ്പന്‍.
അങങനെയുള്ള കോന്നപ്പന്റെ കാര്യത്തില്‍ കുമാരന്‍ നായര് ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ ?
അപ്പോള്‍ കുമാരന്‍ നായര് വന്നിട്ടുള്ളത് ഡ്രൈവറെ അന്വേഷിച്ചു തന്നെ.
“അപ്പൊ എപ്പഴാ പോണ്ടെ നായരെ ?”
“മേനന് വേറൊന്നുല്ലെങ്കി ഇപ്പൊത്തെന്നെ എറങ്ങാം. എന്താ..”
കുമാരന്‍ നായര് എന്നെ ഇന്ന് കുറച്ച് നടത്തിക്കും. ഇവിടെ നിന്നും ആറു കിലേമീറ്ററോളമുണ്ട് അവിടേക്ക്.
പിന്നെ കുറച്ച് വഴി ‍പാടത്തു കൂടെ നടക്കണം.
“കോന്നപ്പന്ന് എന്താ പറ്റീത്ന്ന് അറിയില്ല. ഇത്രദിവസം പറമ്പ് കിള ഉണ്ടാവാറില്ല. വല്ല ദീനം പിടിച്ച് കെട്ക്ക് ണ്ട്ന്നാ എന്റെ പേടി.”
ബൈക്കിന് പിന്നിലിരുന്ന് കുമാരന്‍ നായര്‍ക്ക് ആധികയറിത്തുടങ്ങി.
“ഏയ്.. ഒന്നുണ്ടാവില്ല.. മഴയൊക്കെ അല്ലേ. അതാവും.” ഞാന്‍ കുമാരന്‍ നായരെ സമാധാനിപ്പിച്ചു.
“മേനനെ ഒന്നിവ്ടെ സൈഡാക്കാ..”
എളവള്ളി കള്ളു ഷാപ്പിനടുത്തെത്തിയപ്പോള്‍ കുമാരന്‍ നായര് പറഞ്ഞു.
“എയ് നായര് കാലത്ത് ന്നെ സേവിക്ക്വോ..”
“ഇല്യ ഇല്യ.. ആ വിശ്വനാഥനോടൊന്ന് ചോദിക്കാന്ന് വെച്ചിട്ടാ..അവന്റെ അടുത്തെ പറമ്പല്ലേ നമ്മടെ...”
വണ്ടി സൈഡാക്കി നിര്‍ത്തി.
ഇല്ല. വിശ്വനാഥന്‍ വന്നിട്ടില്ല.
“വിശ്വഥന്‍ മീന്‍ പിടിക്കണോട്ത്തെക്ക് പോയിരിക്ക്യാ.” ഷാപ്പ് മാനേജരായ കുട്ടപ്പേട്ടന്‍ പറഞ്ഞു.
പാറ കടന്ന് പാടത്തിന്ടെ അടുത്ത് വണ്ടി ലോക്ക് ചെയ്ത് വരന്‍പിലൂടെ നടന്നു.
ഇത്തവണ വരന്‍പിലേക്കും ചെറുതായി വെള്ളം കയറിയിട്ടുണ്ട്.
തോട്ടിലും വെള്ളം കൂടുതലാണ്.
തോട്ടിലെ തടിപ്പാലത്തിലൂടെ ഞങ്ങള്‍ നടന്നു.
കുമാരന്‍ നായരുടെ പറന്‍പിലെ ചെറ്റക്കുടിലില്‍ ചെറുതായി പുക ഉയരുന്നുണ്ട്.
“ങാ. കോന്നാപ്പന്‍ അവിടന്നെ ണ്ട്..”
കുമാരന്‍ നായര്‍ക്ക് ആശ്വാസമായി.
പറമ്പിനോടുത്തെത്തിയപ്പോള്‍ അപ്പുറത്ത് തന്നെ കോന്നപ്പന്‍ തെങ്ങിനു പൊലി കൂട്ടി കൊണ്ട് നില്‍ക്കുന്നു.
ഞങ്ങളെ കണ്ട് കോന്നപ്പന്‍ അടുത്തേക്ക് ഓടി വന്നു.
“എന്താ കോന്നപ്പാ ദ് . എത്ര ദിവസായീന്നരിയോ.. ഒരു മാസാവാറാ‍യി.ഇതു വരെ പറമ്പ് പകുതി പോലും ആയ്ട്ടില്യ്.”
കുമാരന്‍ നായര് പൊട്ടിത്തെറിച്ചു.
“അല്ല ഏമ്മാന്നെ .. മഴ കാരണം വൈകീതാ..”
കോന്ന്പ്പന്‍ നിന്നു പരുങ്ങി.
“സാരല്യ നായരെ.. ഇത്തവണ നല്ല മഴയല്യായ് രുന്നു ? അതോണ്ടാവും.” ഞാന്‍ സമാധാനിപ്പിച്ചു.
“അല്ല ഏമാന്നെ.. വടക്കെ ഭാഗത്തെ തെങ്ങിനു ഇന്നലെ ഇടിവെട്ട് കൊണ്ടൂന്നാ തോന്നണെ. ഒരു ഭാഗത്തെ ഓല മുഴുവന്‍ കരിഞ്ഞ്ട്ട് ണ്ട്.” കോന്നപ്പന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞു.
“എവ്ടെ..” കുമാരന്‍ നായര് അങ്ങോട്ട് നടന്നു.
എനിക്കൊരു സംശയം . കോന്നപ്പണ്ടെ ചെറ്റക്കുടിലില്‍ ഇപ്പോഴും തീ പുകയുന്നു.
ഞാന്‍ സൂക്ഷിച്ചു നോക്കി. കുടിലിനോടു ചേറ്ന്ന് കിടക്കുന്ന ചായ്പിലാണ് കോന്നപ്പണ്ടെ പാചകപ്പുര.
അവിടെ ഒരു ആളനക്കം പോലെ തോന്നി.
ശരിയാണ് ആരോ അവിടെയിരുന്ന് തീ കൂട്ടുന്നു.
കുമാരന്‍ നായര്‍ മുന്നിലും അതിനു പിന്നില്‍ കോന്നപ്പനും അതിനും പിറകിലായി ഞാനും ഇടച്ചാലിണ്ടെ വരമ്പിലൂടെ വടക്കോട്ട് നടക്കുകയാണ്. കോന്നപ്പന്‍ ഇടക്കിടെ കുടിലിലേക്ക് നോക്കുന്നുണ്. കോന്നപ്പണ്ടെ മുഖം വിളറിയിട്ടുമുണ്ട്.
ഞാന്‍ വീണ്ടും കുടിലിലേക്ക് സൂക്ഷിച്ചു നോക്കി. തീ കൂട്ടിയിരുന്ന ആള്‍ എഴുന്നേറ്റ് നിന്നു.
ചിരട്ടക്കയീലും(ചിരട്ടയുടെ സ്പൂണ്‍) കയ്യില്‍ പിടിച്ചു നില്‍ക്കുന്ന പണ്ടാറക്കാട് ശാന്തമ്മ.

Saturday, August 05, 2006

ധിക്കാരി കണ്ടപ്പനും ഗുരുവായൂര്‍ പദ്മനാഭനും.

നാട്ടിലെ പൂരം,ഉത്സവം, പെരുന്നാള്‍, പറയെടുപ്പ്, നേര്‍ച്ച ഇത്യാതി ആഘോഷങ്ങളിലെ സ്ഥിരം പങ്കാളിയാണ് കണ്ടപ്പന്‍. വെറുമൊരു കാണി മാത്രമല്ല കണ്ടപ്പന്‍. ചില സമയങ്ങളില്‍ നടത്തിപ്പിലും കണ്ടപ്പന്റെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്.അതു കൊണ്ടു തന്നെ കണ്ടപ്പനെ അറിയാത്തവര്‍ നാട്ടിലാരുമില്ലയെന്നു തന്നെ പറയാം. കുലത്തൊഴില്‍ തെങ്ങു കയറ്റമാണെങ്കിലും വലിയ തെങ്ങില്‍ കേറാന്‍ കണ്ടപ്പനെ കിട്ടില്ല. ഏണിവെച്ച് ചെറിയ തെങ്ങുകളില്‍ മാത്രമാണ് കണ്ടപ്പന്റെ ഗുസ്തി. ആയതിനാല്‍ വലിയ തെങ്ങുകയറ്റക്കാരുടെ ശിങ്കിടിയായിട്ടുള്ള പണിയൊക്കെയേ കണ്ടപ്പന്‍ ചെയ്യൂ.
പിന്നെ കണ്ടപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്.

മേളക്കമ്പക്കാരനായുതുകൊണ്ട് ഉത്സവക്കാലത്ത് മേളത്തിനും പോകും. ചെണ്ടയില്‍ ഇലത്താളമാണ് ഇഷ്ടം. വാദ്യക്കാര്‍ക്ക് ഉത്തേജനം കൊടുക്കുന്ന തരത്തിലാണ് കണ്ടപ്പന്റെ ഇലത്താളം. കണ്ടപ്പന്‍ വാദ്യസംഘത്തിലുണ്ടെങ്കില്‍ കാണികള്‍ക്കൊരു ആവേശമായിരുന്നു.
മഴക്കാലത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ തോട്ടു വരമ്പിലിരുന്ന് മീന്‍ പിടിക്കും. പറമ്പു പണിക്ക് പോകും. എല്ലാ പണികളും വിശ്വസിച്ച് ഏല്‍പ്പിക്കാം. ഒരു വിധം കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ. കമ്മൂണിസ്റ്റ് അനുഭാവി.

പിന്നെ ഭാര്യയും രണ്ട് പിള്ളേരും സ്വന്തമായുണ്ടെങ്കിലും വീട്ടിലെ ചെലവ് നടത്തുന്നത് ഭാര്യ പുറം പണിക്ക് പോകുന്നതുകൊണ്ടാണ്. ഒറ്റ ചില്ലി കാശ് വീട്ടില്‍ കൊടുക്കീല്ല. കാരണം ഉച്ചകഴിഞ്ഞ് അഞ്ചുമണിയായാല്‍ എന്നും വാസുവേട്ടന്ടെ കള്ളുഷാപ്പില്‍ കണ്ടപ്പന്‍ ഹാജരായിരുന്നു. കള്ള് അകത്ത് ചെന്നാല്‍ ചെറിയ തോതില്‍ വിപ്ലവം പുറത്തേക്ക് വരും. അതിണ്ടെ പേരില്‍ ചെറിയ ഒരു വഴക്കെങ്കിലും ഉണ്ടാക്കാതെ ഷാപ്പില്‍ നിന്നിറങ്ങാറില്ലായിരുന്നു.അങ്ങനെയുള്ള ഒരു വഴക്കിനിടയില്‍ കിഴക്കത്തെ രാമന്‍ നാ‍യര്‍ അറിഞ്ഞു നല്‍കിയ പേരാണ് ധിക്കാരി. പിന്നീട് കണ്ടപ്പന്‍ ധിക്കാരി കണ്ടപ്പനായി മാറി.
'ബലികുടീരങ്ങളേ..ബലികുടീരങ്ങളേ.. മരണകള്‍ ....’ എന്ന് വഴിയിലൂടെ പാടിപോകുന്ന കണ്ടപ്പന്‍ ഒരു സ്ഥിരം കാഴ്ചയാണ്.

ആയിടെയാണ് വൈലി മഹോത്സവം വന്നത്. നാട്ടിലെ ചെറിയ ഒരു പൂരം. ഒരാനപ്പുറത്ത് വൈലിത്തറയിലാണ് പൂരം. ഉച്ചയെഴുന്നുള്ളിപ്പ് രണ്ടു മണിയോടെ തുടങ്ങും.പിന്നെ രാത്രിയുമുണ്ടായിരിക്കും. അതിനിടെ രാത്രി പത്തു മണിക്ക് ആരുടെയെങ്കിലും കഥാപ്രസംഗം. നാട്ടിലെ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരാണ് ഇത് നടത്തുന്നത്. അത്കൊണ്ട് കണ്ടപ്പന്റെ റോളും പ്രാധാന്യമുള്ളതു തന്നെ.

ഒരു ദിവസം ഷാപ്പിലെ സംസാരവിഷയം വൈലി ഉത്സവത്തെക്കുറിച്ചായിരുന്നു.
‘ടാ.. കണ്ടപ്പാ.. വൈലിയൊക്ക വര്വല്ലെ.. ഒന്ന് ഉഷാറാവ്ണില്ലല്ലൊ..’
‘നെനക്ക് ഉഷാറ് കുറവൊന്നൂല്യാലൊ വേലായിയേ..’
‘ഇപ്പ്രാവശ്യം മേളം ആരാണ്ടാ..’
‘കുട്ടന്മാരാര്..‘
‘ഏത് കുട്ടന്മാരാര് ? പെരുവനം കുട്ടന്‍ മാരാരാ ?’
‘കളിയാക്കല്ലെ വേലായിയെ... ഇത് നമ്മടെ തോളൂര് കുട്ടന്മാരാര്.’
‘എന്നാണ്ടാ തോളൂര് കുട്ടപ്പന്‍ മാരാരായത് ?’
‘നെനക്ക് എന്ന്തൂട്ടാ അറിയ്യാ വേലായിയെ.. കഴിഞ്ഞ മാമ്പ്ര പൂരത്തിന് കുട്ടന്മാരാര്‍ക്ക് എത്ര നോട്ട് മാല്യാ കിട്ട്യേന്നറിയ്യൊ..നിയ്യ് വല്ല പൂരം കണ്ട്ട്ട്ണ്ടാ ? ഈ തെക്ക് വടക്ക് നടക്ക്വാന്നല്ലാണ്ട്..’
‘പോട്ടെ കണ്ടപ്പാ..അവന്‍ പയ്യനല്ലേ.. പിന്നെ.. ഇപ്രാവശ്യം ഏതാ ആന ?’
‘ഇപ്രാവശ്യം നല്ല ഒയരള്ള ലക്ഷണള്ള ഒരാനെനെ ഞാന്‍ കൊണ്ട് വരും...’
‘കണ്ടമ്പിള്ളി ബാലനാരയണനാ ..’
‘നെനക്ക് വല്ലതും അറിയൊ.. ബാലനാരായണന്‍ നീരില് നിക്ക്വല്ലെ..’
‘പിന്നെ ആരാ..’
‘അതൊക്കെ ഇണ്ട്രാ..’
‘എന്ന്നലും ഒന്ന് പറയടാ കണ്ടപ്പാ..’
‘ഞാന്‍ പദ്മനാഭനെ തന്നെ കൊണ്ട് വരും..’
‘ഗുരുവായൂര്‍ പദ്മാഭനെയൊ ..’
‘നിയ്യ് നോക്കിക്കട വേലായിയെ.. ഞാനിവിടെ ഒരു വിലസു വിലസും..രൂപ അയ്യായിരാ ഏക്കക്കൂലി..’

പിറ്റേന്ന് തന്നെ നോട്ടിസും രസീത് ബുക്കുമായി വൈലിക്കമ്മറ്റി പ്രവര്‍ത്തന രംഗത്തിറങ്ങി.നോട്ടീസില് ഒരു ഭാഗത്ത് ഗുരുവായൂര്‍ പദ്മനാഭന്റെ പടവും അടിച്ചിട്ടുണ്ട്.
അങ്ങനെ വൈലിഉത്സവദിവസം വന്നു. വൈലിത്തറയില്‍ സോപ്പ്, ചീപ്പ് കണ്ണാടി വില്‍പ്പനക്കാര്‍,തോരണങ്ങള്‍ , ബലൂണ്‍ വില്‍പ്പനക്കാര്‍ , ഐസ്ക്രീം വില്‍പ്പനക്കാര്‍ തുടങ്ങി എല്ലാ വകുപ്പുകളും നിറഞ്ഞു തുടങ്ങി. മേളക്കാ‍ര്‍ വന്നു. നെറ്റിപ്പട്ടം വന്നു. വെഞ്ചാമരങ്ങളും പട്ടുകുടയും ആലവട്ടവും കോലവും വന്നു.
പക്ഷെ ആന മാത്രം വന്നിട്ടില്ല..,പിന്നെ കണ്ടപ്പനും..
ആനയെകൊണ്ടു വരാന്‍ കണ്ടപ്പനെയാണു ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. സമയം മണി പന്ത്രണ്ടായി. ഒന്നരക്ക് എഴുന്നുള്ളിക്കണം.
‘ഗുരുവായൂര് പദ്മനാഭനല്ലേ..കുളിയൊക്കെ കഴിഞ്ഞിട്ട് വരാന്‍ സമയടുക്കാരിക്കും..’ പുരുഷുവിന്റെ ആത്മഗതം
‘ആനക്കൊട്ടില് ന്ന് ള്ളത് അത്ര ദൂര്വൊന്നുല്ലല്ലൊ.. രണ്ട് നാഴികയല്ലെ ള്ളൊ..’
‘എന്തായാലും കണ്ടപ്പനല്ലെ.. എത്ര വൈക്യാലും ആനെനെം കൊണ്ടേ വരൂ.’
‘നീയ്യ് എന്തൂട്ടാണ്ടാ പറേണേ.. ഒന്നരക്ക് എഴുന്നള്ളിപ്പ് തൊടങ്ങണ്ടേ..’
സമയം നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മണിയായി. കണ്ടപ്പനെയും ആനയെയും മാത്രം കാണുന്നില്ല.
‘ടാ പുരുഷ്വൊ.. ആ സൈക്കിള് ട്ത്ത്ട്ട് ഒന്ന് പൊയി നോക്കിയേടാ അവര് എവടെ എത്തീന്ന്’
കേള്‍ക്കാത്ത താമസം രാവുണ്ണിയുടെ സൈക്കിളുമായി പുരുഷു പാഞ്ഞു.
‘കണ്ടപ്പന്‍ വല്ലോട്ത്തും കള്ള് കുടിച്ച് കെട്ക്ക് ണ്ണ്ടാവൊ..’
‘ഏയ്.. അവന്‍ വരൂടാ കൊച്ചുണ്ണ്യെ..’
സമയം ഒന്നേ കാലായി. എല്ലാവരും അക്ഷമരായി കാ‍ത്തിരിക്കുകയാണ്.
ആ സമയത്താണ് വൈലിത്തറയുടെ അടുത്തുള്ള പാടത്തിന്റെ വരമ്പത്തുകൂടെ ആനയുടെ കൊമ്പില്‍ പിടിച്ചുകൊണ്ട് കണ്ടപ്പന്‍ വരുന്നു.
‘സുഹ്രുത്തുക്കളേ.. ഭക്തജനങ്ങളെ.. ഇതാ ഗുരുവായൂര്‍ പദ്മാഭനുമായി കണ്ടപ്പന്‍ എത്തിക്കഴിഞ്ഞു..’ മൈക്കിലൂടെ കൊച്ചുണ്ണി ഘോരഘോരം പ്രഘോഷിച്ചു.
ജനങ്ങള്‍ ആരവമുയര്‍ത്തിത്തുടങ്ങി.
വിജയശ്രീലാളിതനായി കണ്ടപ്പന്‍ ആനയുടെ ഒരു കൊമ്പില്‍ പിടിച്ചുകൊണ്ട് ആടിയടിയാണ് വരുന്നത്. കൂടെ പാപ്പനുമുണ്ട്.
‘വേഗം നെറ്റിപ്പട്ടം കെട്ടടാ..’
പദ്മനാഭന്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു.എന്താ തലയെടുപ്പ്.

‘പദ്മനാഭന് ഒരു ക്ഷീണം പോലെ തോന്നുന്നുണ്ടല്ലോടാ കണ്ടപ്പാ..’ കോന്നപ്പന്ടെ ഒരു കമന്റ്റ്.
‘ഏയ്.. അതിങ്ങനെ പൂരങ്ങള്‍ക്ക് രാത്രിം പകലും ഇല്ലാണ്ട് നട്നനട്ടാ..’

മേളക്കാര്‍ ഒരുക്കം തുടങ്ങി. കണ്ടപ്പന്‍ അപ്പോഴും ആനയുടെ ഒരു കൊമ്പില്‍ പിടിച്ച് നില്‍ക്കുകയാണ്. മറ്റൊരു കൊമ്പില്‍‍ പാപ്പനും.
ആ സമയത്താണ് കോന്നപ്പനെ അന്വേഷിച്ചു പോയ പുരുഷു തിരിച്ച് വന്നതും ആ പ്രഖ്യപനം നടത്തിയതും.
‘ഗുരുവായൂര് പദ്മനാഭന്‍ ആനക്കൊട്ടിലില് തന്നെ ഇണ്ട്. ഇത് ഏരിയാടന്ടെ മില്ലിലെ ഒറ്റക്കൊമ്പന്‍ പദ്മനാഭനാണേ..’

ഒറ്റക്കൊമ്പന്‍ പദ്മനാഭന് അടുത്ത കാലത്ത് ഫിറ്റു ചെയ്ത വെപ്പു കൊമ്പ് പിടിച്ച് ധിക്കാരി കണ്ടപ്പന്‍ അപ്പോഴും സ്റ്റൈലിലങ്ങനെ നില്‍ക്കുകയായിരുന്നു.